എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Sunday 3 November 2013

അരുണ ഷാൻബാഗ്....


പ്രിയപ്പെട്ട ഷാൻബാഗ്,
നരച്ച ആശുപത്രിച്ചുമരുകൾക്കപ്പുറം
നിന്റെ മിഴികളിൽ പ്രതിഫലിക്കുന്നതെന്താണ്?
കാലങ്ങൾക്ക്  മുൻപ് പ്രണയം പകർന്നു
നീ കൊളുത്തിവെച്ച തിരിവെട്ടമോ,
പലപ്പോഴായി കൂട്ടിവെച്ച
മോഹത്തിൻ ശബളമാമൊരിതളോ,
അതോ, മോചനത്തിന്റെ സന്ദേശവുമായ്
വരുന്ന മരണദൂതനായുള്ള കാത്തിരിപ്പോ?

നാല്പത് സംവത്സരങ്ങൾക്കു മുൻപ്
നിന്റെ ഘടികാരം നിലച്ചുപോയെങ്കിലും
കാലമിപ്പോഴും കറങ്ങുന്നുണ്ട്,
ഏതു ദിശയിൽ തിരിഞ്ഞാലാണ്
ചങ്ങലയിൽ ഞെരിച്ചുകൊന്ന
പളുങ്കുസ്വപ്നങ്ങളുടെ വസന്തകാലത്തിലെത്തുക?

മാപ്പ് ചോദിക്കിലോ, പശ്ചാത്തപിക്കിലോ
നീ തിന്ന വേദനകൾ അലിഞ്ഞുപോവില്ല-
യെങ്കിലും മാപ്പിരക്കട്ടെ ഞങ്ങൾ.
കാമാർത്തനായ കാട്ടാളനോട്
'മാനിഷാദ' യെന്നോതാതെ
'ഭാവശുദ്ധി'യ്ക്ക് കോട്ടം വരുത്താതെ
സുവർണവൽമീകം ചമച്ചു കാത്ത
സംസ്കാരചിത്തരാം ജനത ഞങ്ങൾ;

ബാക്കിയായൊരുയിരിൻ തുടിപ്പിനെ
ആളിക്കത്തിക്കാനോ, ഊതിയണയ്ക്കാനോ
പറ്റാത്ത ഏതു ശാസ്ത്രത്തിനാണ്
നിന്നിലെ സ്മൃതിമണ്ഡലങ്ങൾ
അസ്തമിച്ചെന്നു  പറയാൻ കഴിയുക?!

ആർക്കാണറിയുക-
അവിടെയിപ്പോഴുമൊരു പൂ വിടരുന്നുവെന്ന്,
ഒരു കടലിരമ്പുന്നുവെന്ന്,
വരണ്ടുവിണ്ട  ചുണ്ടുമായി
ഒരു തണുപ്പൻകാറ്റ് ഉഴറിനടക്കുന്നുവെന്ന്,
നിസ്സഹായതയുടെ പാരമ്യതയിൽ
സുന്ദരിയായൊരു പെണ്‍കൊടി അലറിച്ചിരിക്കുന്നുവെന്ന്...


കണ്ണ് കെട്ടിയ നീതിദേവതയ്ക്കും,
അന്ധരായ ജനതയ്ക്കും മുന്നില്
നീ ചിരിക്കുകയാണ് അരുണാ ;
നീതിനിഷേധങ്ങളുടെ ജീവനുള്ള സ്മാരകമായി.

7 comments:

  1. പാവം അരുണ, 40 വര്‍ഷമായി അല്ലേ? രണ്ടുവര്‍ഷം മുമ്പ് പത്രത്തില്‍ അരുണയെപ്പറ്റിവായിച്ചാണ് ആദ്യം അറിയുന്നത്.

    ReplyDelete
    Replies
    1. എപ്പോഴും ആദ്യവായനയും ആദ്യ കമന്റും അജിത്തേട്ടന്റെ വകയാണ്. ഇപ്പൊ അജിത്തേട്ടന്റെ കമന്റെ കണ്ടില്ലെങ്കിൽ ഇത്തിരി ബുദ്ധിമുട്ടാണ് ട്ടോ. :)

      പഥികൻ പറഞ്ഞത് പോലെ മരണമെങ്കിലും അരുണയെ രക്ഷിക്കട്ടെ.

      Delete
  2. Replies
    1. ഈ വാക്കുകളൊന്നും പോരെന്നു തോന്നും അവരെക്കുറിച്ച് പറയുമ്പോൾ.

      Delete
  3. അവർ ന്യുമോണിയ ബാധിച്ച് അവശനിലയിലായി എന്ന് വാർത്ത വായിച്ചുവോ ? മരണമെങ്കിലും അവളെ രക്ഷിക്കട്ടെ..

    ReplyDelete
    Replies
    1. വായിച്ചു.
      മരണമെങ്കിലും അവരെ രക്ഷിക്കട്ടെ.

      Delete
  4. സ്‌കൂളിൽ പഠി യ്ക്കുമ്പോഴാണ് അരുണയുടെ കഥ വായിയ്ക്കുന്നത്... പിന്നീട് മുംബൈയിലേക്ക് ചേക്കേറിയപ്പോൾ, പരേൽ വഴി പോകുമ്പോഴെല്ലാം അരുണയെ കുറിച്ചോർക്കും..നീറുന്ന ഓർമ്മകൾ... പ്രാത്ഥനകൾ!

    ReplyDelete